‘വിജയ്ക്ക് ഓസ്‌കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്’ ; സിനിമാ നിര്‍മാതാവ് അഭിരാമി രാമനാഥൻ പറയുന്നു
1 min read

‘വിജയ്ക്ക് ഓസ്‌കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്’ ; സിനിമാ നിര്‍മാതാവ് അഭിരാമി രാമനാഥൻ പറയുന്നു

മിഴ് സിനിമാ ചരിത്രത്തില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഉള്ള നടനാണ് വിജയ്. 1997, 2005 വര്‍ഷങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടിയിരുന്നു. വിജയ് അഭിനയജീവിതം തുടങ്ങിയത് ബാലതാരത്തിന്റെ വേഷങ്ങള്‍ ചെയ്തിട്ടായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് കേരളത്തിലും വന്‍ സ്വീകര്യത ലഭിക്കാറുണ്ട്. കേരളത്തിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഏറ്റവും ഒടുവില്‍ വിജയ്‌യുടേതായി പുറത്തിറങ്ങിയ ചിത്രം ബീസ്റ്റ് ആണ്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു ആരാധകരും സിനിമാ പ്രേമികളും ചിത്രത്തിന്റെ റിലീസിന് കാത്തിരുന്നത്. എന്നാല്‍ ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ചില ആരാധകര്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. കെജിഎഫ് ചാപ്പ്റ്റര്‍ 2 റിലീസ് ചെയ്തതോടെ കനത്ത വെല്ലുവിളിയാണ് ബീസ്റ്റ് എന്ന ചിത്രത്തിന് നേരെ ഉയരുന്നത്. വിജയ് തകര്‍ത്തഭിനയിച്ചുവെന്നും എന്നാല്‍ സംവിധായകന്‍ നെല്‍സണിന്റെ സംവിധാനത്തില്‍ വന്ന പാകപിഴകള്‍ ആണ് വിമര്‍ശകര്‍ എടുത്ത് പറയുന്നത്. ഇപ്പോഴിതാ വിജയ്‌യെക്കുറിച്ച് നിര്‍മാതാവും എഴുത്തുകാരനുമായ അഭിരാമി രാമനാഥന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.

സിനിമ മോശമായാല്‍ കൂടി ആളുകള്‍ വിജയ്‌യെ ഇഷ്ടപ്പെടുന്നുവെന്ന് അഭിരാമി രാമനാഥന്‍ പറയുന്നു. വിജയ് കഠിനാദ്ധാനത്തില്‍ വിശ്വസിക്കുന്ന ആളാണ്. സിനിമ മോശമായാല്‍ കൂടി ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. വിജയ്ക്ക് ഓസ്‌കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്. വിജയ്‌യുടെ ഓസ്‌കര്‍ നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശാന്തനായ നടനാണ് വിജയ് എന്ന് മലയാളം ഉള്‍പ്പെടെയുള്ള വിവിധ തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയനായ ആശിഷ് വിദ്യാര്‍ഥിയും മുമ്പ് പറഞ്ഞിരുന്നു.

റോ ഉദ്യോഗസ്ഥാനായിട്ടാണ് ചിത്രത്തില്‍ വിജയ് അഭിനയിച്ചത്. കലാനിധി മാരനാണ് ബീസ്റ്റ് എന്ന ചിത്രം നിര്‍മിച്ചത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. റിലീസ് ദിവസം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ മോശം അഭിപ്രായത്തെ തുടര്‍ന്ന് ചിത്രം പിന്നോട്ടുപോവുകയായിരുന്നു. പൂജ ഹെഗ്‌ഡെ ആയിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്‌സ്‌ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.