‘മൂന്ന് മണിക്കൂറോളമെടുത്തായിരുന്നു മേക്കപ്പ്, കണ്ണാടിയിൽ കണ്ടപ്പോൾ അസുഖമുള്ളൊരാളായി എനിക്കുതന്നെ തോന്നി’; ‘കിഷ്കിന്ധ കാണ്ഡ’ത്തിലെ പ്രവീണ കൊണ്ടുവന്ന സൗഭാഗ്യങ്ങളെ കുറിച്ച് വൈഷ്ണവി രാജ്
ഇക്കഴിഞ്ഞ ഓണക്കാലത്ത് തിയേറ്ററുകളിൽ സൈലന്‍റ് ഹിറ്റടിച്ച സിനിമയാണ് ആസിഫ് അലിയും വിജയരാഘവനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തിയ ‘കിഷ്കിന്ധ കാണ്ഡം’. മലയാളത്തിൽ അധികമാരും പറയാത്ത രീതിയിലുള്ള പുതുമ നിറഞ്ഞൊരു കഥയും ഹൃദയം തൊടുന്ന അവതരണ മികവുമായിരുന്നു ചിത്രത്തെ വ്യത്യസ്തമാക്കിയത്. ബാഹുൽ രമേശ് ഒരുക്കിയ സ്ക്രിപ്റ്റിൽ ചിത്രം സംവിധാനം ചെയ്തത് ദിൻജിത്ത് അയ്യത്താനാണ്. ചിത്രത്തിൽ ചെറിയ വേഷത്തിലാണ് എത്തിയതെങ്കിൽ കൂടി നിർണ്ണായക വേഷമായിരുന്നു ആസിഫ് അലി അവതരിപ്പിക്കുന്ന അജയ ചന്ദ്രന്‍റെ ആദ്യഭാര്യയായ പ്രവീണയുടെ വേഷത്തിലെത്തിയ വൈഷ്ണവി രാജിന്‍റേത്. ചിത്രത്തിലെ വേഷത്തിലേക്ക് എത്തിയതിനെ കുറിച്ചും പ്രവീണ കൊണ്ടുവന്ന സൗഭാഗ്യങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് വൈഷ്ണവി.
_കിഷ്കിന്ധയിലേക്കുള്ള വിളി_
‘ഷെഫീക്കിന്‍റെ സന്തോഷ’ത്തിലെ എന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത് കണ്ട ശേഷം ‘കിഷ്കിന്ധ കാണ്ഡം’ സംവിധായകൻ ദിന്‍ജിത്ത് ചേട്ടന്‍ എന്നെ കോണ്‍ടാക്ട് ചെയ്യുകയായിരുന്നു. സിനിമയെ കുറിച്ച് ചെറിയ ഒരു വിവരണം തന്നു, അതിലേക്ക് സെക്കന്‍ഡ് ഹീറോയിൻ നോക്കുകയാണ്, ഈ ലുക്കാണ് വേണ്ടത് എന്നു പറഞ്ഞു. ഓഡിഷന് അറിയിക്കാം എന്ന് പറഞ്ഞു. പിന്നെ വിളിയൊന്നും വന്നില്ല, അതിനാൽ ഇടയ്ക്കിടയ്ക്ക് ഞാൻ എന്തായി എന്ന് വിളിച്ച് ചോദിച്ച് ശല്യം ചെയ്യുമായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് ഓഡിഷന് വിളിച്ചു. അതിൽ നിന്നും മൂന്നുപേരെ ഷോർട്‍ലിസ്റ്റ് ചെയ്തതിൽ വന്നു, അതില്‍ നിന്ന് ഒടുവിൽ സെലക്ടാവുകയായിരുന്നു.
_മേക്കപ്പിൽ 50 ശതമാനം രക്ഷപ്പെട്ടു_
എപ്പോഴും ഒരു ചിരിയോടെ കാണുന്നയാളാണ് ഞാൻ, ഹാപ്പി ഫേസാണ് എന്‍റേത്. പക്ഷേ പ്രവീണയാകട്ടെ ദു:ഖം നിറഞ്ഞ മുഖമാണ് മിക്കപ്പോഴും. എന്‍റെ ശരിക്കുമുള്ള ക്യാരക്ടറിൽ നിന്നും പ്രവീണ ശരിക്കും നേർവിപരീതമാണ്. പക്ഷേ ഏറ്റവും കൂടുതല്‍ ചിരിക്കുമെങ്കിലും കൂടുതല്‍ കരയുന്നയാളുമാണ് ഞാൻ. ചില സമയം സെന്‍സിറ്റീവായി പെട്ടെന്ന് കരഞ്ഞുപോകുന്നയാളാണ്. പ്രവീണയ്ക്കുവേണ്ടി മൂന്ന് മണിക്കോറോളമാണ് മേക്കപ്പ് ഉണ്ടായിരുന്നത്. മേക്കപ്പിന് ശേഷം മിററില്‍ കണ്ടപ്പോള്‍ എനിക്ക് അസുഖമുള്ളയാളാണോ എന്നൊക്കെ ശരിക്കും തോന്നിപ്പോയി. അത്യാവശ്യം ഡള്‍ ആക്കിയിട്ടാണ് മേക്കപ്പ് ചെയ്തിരുന്നത്. മേക്കപ്പിന് ശേഷം എന്നെ കണ്ടപ്പോള്‍ തന്നെ ഉള്ളിലൊരു വേദന വരുമായിരുന്നു. മേക്കപ്പിന് ശേഷം ആസിഫിക്ക എന്നെ കണ്ടപ്പോള്‍ 50 ശതമാനം മേക്കപ്പില്‍ രക്ഷപ്പെട്ടു, ഇനി 50 ശതമാനം പെര്‍ഫോം ചെയ്താല്‍ മതിയല്ലോ എന്നാണ് പറഞ്ഞത്. മേക്കപ്പില്ലാതെ എന്നെ കണ്ടപ്പോള്‍ സെറ്റിൽ പലരും ഞെട്ടിയിരുന്നു. ഓ, ഇതായിരുന്നല്ലേ ശരിക്കും ആള് എന്നൊക്ക പലരും ചോദിച്ചിട്ടുണ്ട്.
_ഭയങ്കര ഹാപ്പിയായ ദിവസം_
ഷൂട്ടിന് മുമ്പ് തന്നെ ഡീറ്റെയ്ൽഡായ സ്റ്റോറി എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. പൂജയുടെ അന്നാണ് ഞാൻ സ്‌ക്രിപ്റ്റ് വായിച്ചത്. ഒളപ്പമണ്ണ മനയില്‍ വെച്ച് മറ്റുള്ളവരുടെ ഷൂട്ട് നടക്കുമ്പോള്‍ ഒരു റൂമിലിരുന്ന് ഞാൻ സ്‌ക്രിപ്റ്റ് വായിക്കുകയായിരുന്നു. വായിച്ചുകൊണ്ടിരിക്കേ ഞാൻ ഭയങ്കര ഇന്‍വോൾവ്ഡ് ആയിപ്പോയി. എനിക്ക് വിചാരിച്ചതിലും കൂടുതല്‍ ലെവലിലുള്ള ക്യാരക്ടര്‍ കിട്ടിയെന്ന ഹാപ്പിനെസ്സായിരുന്നു മനസ്സ് നിറയെ. ത്രൂ ഔട്ട് ക്യാരക്ടറല്ലെങ്കിലും നോട്ടബിള്‍ ആയി പെര്‍ഫോം ചെയ്യുന്ന ക്യാരക്ടർ കിട്ടിയല്ലോ എന്നോർത്ത് അന്ന് ഭയങ്കര ഹാപ്പിയായ ദിവസമായിരുന്നു. പിറ്റേന്ന് മുതല്‍ ഭയങ്കര എനര്‍ജിയോടെയാണ് ഞാൻ സെറ്റിലെത്തിയത്.
_അഭിനയത്തിന്‍റെ കുട്ടേട്ടൻ ടിപ്സ്_
ചിത്രത്തിൽ അപര്‍ണയോടൊപ്പം അഭിനയിക്കുന്ന സീനുകള്‍ എനിക്കില്ലായിരുന്നു. പക്ഷേ കുട്ടേട്ടനോടൊപ്പവും (വിജയരാഘവൻ) ആസിഫിക്കയ്ക്കും ഒപ്പവും കുറെ രംഗങ്ങള്‍ ഉണ്ടായിരുന്നു. ഷൂട്ടിന്‍റെ ഇടവേളകളിൽ കുട്ടേട്ടന്‍ കുറെ കഥകള്‍ പറയും. ‘പൂക്കാലം’ സിനിമയിലൊക്കെ അഭിനയിച്ചപ്പോഴത്തെ കുറെ കാര്യങ്ങള്‍ പറഞ്ഞിരുന്നു. കുഞ്ഞുകുഞ്ഞ് ടിപ്‌സ് കുട്ടേട്ടനിൽ നിന്ന് കിട്ടും. ഒരു കംപ്ലീറ്റ് സ്‌കൂളാണ് അദ്ദേഹം. അഭിനയത്തിലെ കുറെ ലെസൻസ് കിട്ടും. ആസിഫിക്ക നല്ല രീതിയില്‍ സപ്പോര്‍ട്ട് ആയിരുന്നു. വലിയ സ്റ്റാര്‍ എന്നൊന്നും നോക്കാതെ നമ്മളെ വളരെ കണ്‍സിഡര്‍ ചെയ്താണ് അദ്ദേഹം പെരുമാറുന്നത്. നമുക്ക് റീടേക്ക് എടുക്കുന്നതൊക്കെ ആസിഫിക്കയ്ക്ക് ഓകെയായിരുന്നു.
_അക്കാര്യം എന്നേക്കാൾ ഒബ്സർവ് ചെയ്തത് ദിൻജിത്തേട്ടൻ ആയിരുന്നു_
കോളേജ് ടൈമില്‍ എൻഎസ്എസിൽ ഞാനുണ്ടായിരുന്നു. സോഷ്യൽ സർവീസിന്‍റെ ഭാഗമായി പെയ്ന്‍ ആൻഡ് പാലിയേറ്റീവ് കെയറിൽ കുഞ്ഞുങ്ങൾ മുതൽ പ്രായവായവര്‍ വരെയുള്ളവരെയൊക്കെ പരിചരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ സമയത്ത് കീമോ ചെയ്യുന്ന ഒത്തിരിപേരെ ഞാൻ കണ്ടിട്ടുണ്ട്. അതിലും കൂടുതല്‍ എനിക്ക് ഈ ക്യാരക്ടർ അവതരിപ്പിക്കാൻ സഹായകമായത് സംവിധായകൻ ദിന്‍ജിത്തേട്ടനായിരുന്നു. അദ്ദേഹം പറഞ്ഞുതന്ന പെര്‍സ്പ്ക്ടീവിലാണ് പ്രവീണയെ സ്ക്രീനിൽ കൊണ്ടുവന്നത്. പുള്ളി ഒത്തിരി ഒബ്‌സർവ് ചെയ്തിട്ടാണ് ക്യാരക്ടറിനെ കുറിച്ച് എനിക്ക് പറഞ്ഞുതന്നത്. അത് എനിക്ക് ആ ക്യാരക്ടർ നല്ല രീതിയിൽ ചിത്രത്തിൽ അവതരിപ്പിക്കാൻ ഏറെ സഹായകമായിരുന്നു.
_ടിക്കറ്റ് കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ സന്തോഷമായി_
ഇക്കുറി ഭയങ്കര ഹാപ്പി സ്‌പെഷല്‍ ഓണമായിരുന്നു. വലിയൊരു വിജയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു. ആര്‍ടിസ്റ്റായി എന്‍റെ നാട്ടില്‍ അറിയപ്പെട്ടു, അംഗീകരിക്കപ്പെട്ടു. അറിയുന്നവരും അറിയാത്തവരുമായ കുറെയധികം ആളുകള്‍ വിളിച്ച് അഭിനന്ദിച്ചു. പലരും തിരക്കുമൂലം സിനിമയ്ക്ക് ടിക്കറ്റ് കിട്ടിയില്ലെന്നൊക്കെ പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു.
_ആ സീനിൽ അവൻ എങ്ങനെ അനങ്ങാതെ കിടക്കും എന്നായിരുന്നു ചിന്ത_
റിയല്‍ ഹീറോ ബാഹുൽ രമേശാണ്. ബാഹുലിന്‍റേതാണ് ഈ ഐഡിയ മുഴുവൻ. ബാഹുലും ദിൻജിത്തേട്ടനും കൂടി ഒരു മാസ്റ്റര്‍ പീസാണ് എടുത്തുവെച്ചിരിക്കുന്നത്. വര്‍ക്ക് ചെയ്ത ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയ പീസ് ഓഫ് ആര്‍ട്ടായിരുന്നു. സ്കൂളിലും കോളേജിലുമൊക്കെ നമ്മുടെ അധ്യാപകർ ഒരോ കാര്യങ്ങള്‍ നമുക്ക് പഠിപ്പിച്ച് തരില്ലേ അത്രയ്ക്കും വിശദമായാണ് അവർ ക്യാരക്ടറിനെ കുറിച്ചും കഥയെ കുറിച്ചും ഓരോ സീനുകളെ കുറിച്ചും ഞങ്ങൾക്ക് പറഞ്ഞുതന്നിരുന്നത്. ചിത്രത്തിൽ ചാച്ചുവായി എത്തിയ ആരവ് സെറ്റിൽ ഭയങ്കര കുറുമ്പും കളിയുമൊക്കെയായിരുന്നു. ചിത്രത്തിലെ ആ ഒരു നിർണ്ണായക സീനിൽ അവൻ എങ്ങനെ അനങ്ങാതെ കിടക്കും എന്ന് ഞങ്ങള്‍ ചിന്തിച്ചിരുന്നു. പക്ഷേ ഷൂട്ടിന്‍റെ സമയത്ത് അതുവരെ കണ്ടയാളെ ആയിരുന്നില്ല. ആ സീന്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൈയ്യടിച്ചുപോയി. അതിലേക്ക് അവനെ എത്തിച്ചത് ദിന്‍ജിത്തേട്ടൻ കൊടുത്തൊരു ക്ലാസായിരുന്നു. ഭയങ്കര പേഷ്യൻസ് ഉള്ളയാളാണ് ദിൻജിത്തേട്ടൻ. ഈ ഡയറക്ടർ ഞങ്ങള്‍ക്കെല്ലാവർക്കും സംതിങ് സ്‌പെഷലായിരുന്നു.
_പ്രവീണ കൊണ്ടുവന്ന സൗഭാഗ്യങ്ങള്‍_
കിഷ്കിന്ധയ്ക്ക് ശേഷം ഒത്തിരി പ്രൊജക്ടുകള്‍ വരുന്നുണ്ട്, കുറെ കഥകള്‍ കേട്ടു. ഒരു ആര്‍ടിസ്റ്റായി അംഗീകരിക്കപ്പെട്ടെന്ന് എനിക്ക് സ്വയം തോന്നിത്തുടങ്ങി. സിനിമയിലെത്തിയ ശേഷം അധികമൊന്നും അഭിനയ സാധ്യത ഇല്ലാത്ത ചെറിയ സീനുകളായിരുന്നു പലപ്പോഴും കിട്ടിയിരുന്നത്. പക്ഷേ കിഷ്കിന്ധ കാണ്ഡത്തിൽ പടത്തെ ടേക്കോവര്‍ ചെയ്യുന്ന ഉത്തരവാദിത്തമുള്ളൊരു ക്യാരക്ടറാണ് ലഭിച്ചത്. ഇനി ഭാവിയിൽ അഭിനയിക്കുന്ന സിനിമകളിലും അത് ഭയങ്കര സഹായമാകുമെന്നാണ് പ്രതീക്ഷ. സുരേഷ് ഗോപി സാറിനും അനുപമ പരമേശ്വരനോടും ഒപ്പം ‘ജെഎസ്കെ’ എന്ന സിനിമയാണ് അടുത്തതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.