പ്രേക്ഷകർ കാത്തിരുന്ന ആ കോംബോ നടക്കുമോ?? പ്രതികരണവുമായി രാജ്‍കമല്‍ ഫിലിംസ്
37 വര്‍ഷങ്ങള്‍ക്ക് ശേഷം മണി രത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം. തഗ് ലൈഫ് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ സൃഷ്ടിച്ച ഹൈപ്പിന് കാരണം മറ്റൊന്നുമല്ല. മലയാളികളെ സംബന്ധിച്ച് മറ്റൊരു കാര്യം കൂടി ഈ ചിത്രത്തില്‍ കൗതുകം കൂട്ടിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന പ്രഖ്യാപനമായിരുന്നു അത്. മലയാളത്തില്‍ നിന്ന് മറ്റ് താരങ്ങള്‍ കൂടി ചിത്രത്തില്‍ എത്തുമെന്നും പിന്നീട് പ്രഖ്യാപനം വന്നിരുന്നു. ഐശ്വര്യ ലക്ഷ്‍മിയും ജോജു ജോര്‍ജുമായിരുന്നു അത്. എന്നാല്‍ ഡേറ്റിന്‍റെ പ്രശ്നം കാരണം ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ രണ്ട് മാസം മുന്‍പ് എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ രാജ് കമല്‍ ഫിലിംസ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.
ചിത്രത്തിലെ ഒരു പുതിയ കാസ്റ്റിംഗ് അനൗണ്‍സ്‍മെന്‍റ് നാളെ ഉണ്ടാവുമെന്ന് രാജ് കമല്‍ ഫിലിംസിന്‍റെ പ്രഖ്യാപനം ഇന്ന് നടന്നിരുന്നു. ചിലമ്പരശനാണ് ഇതെന്നാണ് പ്രകടമായ സൂചന. ഇത് സംബന്ധിച്ച യുട്യൂബ് വീഡിയോയ്ക്ക് താഴെയുടെ കാസ്റ്റ് ലിസ്റ്റില്‍ ദുല്‍ഖറിന്‍റെ പേര് ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം നേരത്തെ പ്രഖ്യാപിച്ചിരുന്ന മറ്റൊരു താരത്തിന്‍റെ പേരും പുതിയ വീഡിയോയ്ക്ക് താഴെ ഇല്ല. ജയം രവിയുടെ പേരാണ് അത്. 2023 നവംബര്‍ 6 ന് എത്തിയ ടൈറ്റില്‍ അനൗണ്‍സ്‍മെന്‍റ് വീഡിയോയ്ക്ക് താഴെയുള്ള കാസ്റ്റ് ലിസ്റ്റില്‍ കമല്‍ ഹാസന്‍, ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിവരുടെ പേരുകളാണ് ഉണ്ടായിരുന്നത്. ഈ ലിസ്റ്റില്‍ നിന്നാണ് പുതിയ വീഡിയോയ്ക്ക് താഴെ ദുല്‍ഖറിന്‍റെയും ജയം രവിയുടെയും പേരുകള്‍ ഒഴിവാക്കിയിരിക്കുന്നത്. ദുല്‍ഖറിനെപ്പോലെ ഡേറ്റ് പ്രശ്നം മൂലമാണ് ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പേര് പ്രഖ്യാപിച്ച ചിത്രമാണിത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കും ഇതെന്നാണ് സൂചന. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നീ ബാനറുകളില്‍ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.