ഏറ്റവും സ്വാധീനിച്ച ആ മലയാള സിനിമയുടെ പേര് പറഞ്ഞ് ഫഹദ് ഫാസിൽ
1 min read

ഏറ്റവും സ്വാധീനിച്ച ആ മലയാള സിനിമയുടെ പേര് പറഞ്ഞ് ഫഹദ് ഫാസിൽ

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാലില്‍ ഒരാളായിട്ടാണ് ഫഹദ് ഫാസിലിനെ കാണുന്നത്. അച്ഛന്റെ സിനിമയിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. പക്ഷെ ആദ്യ സിനിമ എട്ടു നിലയില്‍ പൊട്ടി. ഇതോടെ അഭിനയത്തില്‍ നിന്നുമാത്രല്ല, രാജ്യത്തു നിന്നു തന്നെ ഓടിയൊളിക്കുകയായിരുന്നു ഫഹദ്.അവിടെ നിന്നും ഫഹദ് തിരികെ വരുന്നത് സ്വന്തം കരിയര്‍ മാത്രമല്ല, മലയാള സിനിമയുടെ മുഖം തന്നെ മാറ്റി മറിച്ചു കൊണ്ടാണ്. ഇന്ന് മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സിനിമകള്‍ ചെയ്യുന്ന, തന്റെ അഭിനയ മികവു കൊണ്ട് ലോകത്തിന്റെ കയ്യടി നേടുന്ന നടനായി വളര്‍ന്നിരിക്കുകയാണ് ഫഹദ് ഫാസില്‍.

ആദ്യ ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം അഭിനയജീവിതത്തിലേക്ക് തിരിച്ചെത്താന്‍ മണ്‍മറഞ്ഞ അതുല്യ നടന്‍ ഇര്‍ഫാന്‍ ഖാന്‍ തനിക്ക് എത്രത്തോളം പ്രചോദനമായിട്ടുണ്ടെന്ന് ഫഹദ് ഫാസില്‍ പറഞ്ഞിട്ടുണ്ട്. കൈയെത്തും ദൂരത്തിന്‍റെ പരാജയത്തിന് ശേഷം അമേരിക്കയിലെ പഠനകാലത്താണ് ഫഹദ് ഇര്‍ഫാന്‍ ഖാന്‍ സിനിമകള്‍ കണ്ട് പ്രചോദിതനാവുന്നത്. സിനിമകളെക്കുറിച്ച് അഭിമുഖങ്ങളില്‍ സംസാരിക്കാന്‍ അത്ര തല്‍പരനല്ലെങ്കിലും അത്തരത്തില്‍ വല്ലപ്പോഴും കൊടുക്കുന്ന അഭിമുഖങ്ങളില്‍ സിനിമയെക്കുറിച്ച് ഫഹദ് വാചാലനാവാറുണ്ട്. ഇപ്പോഴിതാ തന്നെ ഏറ്റവും സ്വാധീനിച്ച മലയാള സിനിമ ഏതെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ഏറ്റവും പുതിയ ചിത്രം ആവേശത്തിന്‍റെ വന്‍ വിജയത്തിന് ശേഷം നല്‍കിയ അഭിമുഖങ്ങളിലൊന്നിലാണ് ഫഹദ് ഇതേക്കുറിച്ച് പറയുന്നത്. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് അത്. തന്‍റെ ജീവിതം മാറ്റിമറിച്ച ചിത്രങ്ങളായി ഫഹദ് നേരത്തെ പറഞ്ഞിട്ടുള്ള സിനിമകളാണ് 1988 ല്‍ പുറത്തിറങ്ങിയ വിഖ്യാത ഇറ്റാലിയന്‍ ചിത്രം സിനിമാ പാരഡിസോയും 2000 ല്‍ പുറത്തിറങ്ങിയ മെക്സിക്കന്‍ ചിത്രം അമോറസ് പെരോസും. വ്യക്തിപരമായി സ്വാധീനം ചെലുത്തിയ കാര്യത്തില്‍ ഇവയ്ക്ക് അടുത്ത് നില്‍ക്കുന്ന ഒരു മലയാള ചിത്രം ഏതായിരിക്കും എന്ന അഭിമുഖകാരന്‍റെ ചോദ്യത്തിന് തൂവാനത്തുമ്പികള്‍ എന്നാണ് ഫഹദിന്‍റെ മറുപടി.

പത്മരാജൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ക്ലാസിക് ചിത്രമാണ് 1987-ൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ. ചിത്രം പുറത്തിറങ്ങി 37 വർഷങ്ങൾ പിന്നിട്ടെങ്കിലും മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും രാധയും അവരുടെ പ്രണയവുമെല്ലാം ഇന്നും ജനങ്ങൾ ആഘോഷിക്കുന്നു. പത്മരാജന്റെ നോവലായ ഉദകപ്പോളയെ ഭാഗികമായി അടിസ്ഥാനമാക്കി രണ്ട് സ്ത്രീകളുമായി പ്രണയത്തിലാകുന്ന ജയകൃഷ്ണനെചുറ്റിപ്പറ്റിയാണ് തൂവാത്തുമ്പികൾ നിർമിക്കപ്പെട്ടത്. കള്‍ട്ട് ഫോളോവിംഗ് നേടിയ ചിത്രം കൂടിയാണ്. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഒരുക്കിയ പാട്ടുകളും ജോണ്‍സന്‍റെ പശ്ചാത്തലസംഗീതവും മലയാളികള്‍ ഇപ്പോഴും ആവര്‍ത്തിച്ച് കേള്‍ക്കുന്നുണ്ട്. ടെലിവിഷന്‍ സംപ്രേഷണങ്ങളില്‍ ഇപ്പോഴും മികച്ച റേറ്റിംഗ് ലഭിക്കുന്ന ചിത്രം കൂടിയാണ് തൂവാനത്തുമ്പികള്‍.