പുലി മുരുകനെയും പിന്നിലാക്കി രം​ഗൻ ചേട്ടൻ; ആവേശം കവച്ച് വെക്കാൻ ഇനി മൂന്ന് സിനിമകൾ മാത്രം
1 min read

പുലി മുരുകനെയും പിന്നിലാക്കി രം​ഗൻ ചേട്ടൻ; ആവേശം കവച്ച് വെക്കാൻ ഇനി മൂന്ന് സിനിമകൾ മാത്രം

ലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. 2024 പിറന്നതോടെ ഇറങ്ങുന്ന ചിത്രങ്ങളിൽ 90 ശതമാനവും ഹിറ്റടിക്കുകയാണ്. വ്യവസായമെന്ന നിലയിലും കലാരൂപമെന്ന നിലയിലും പുതിയ കണ്ടെത്തലുകളിലൂടെ കടന്ന് പോകുന്ന മലയാള സിനിമ, ഇന്ത്യൻ സിനിമാ ലോകത്തിന് തന്നെ മാതൃകയാണ്. ഒടിടി വിപ്ലവം ഏറ്റവും നേട്ടമുണ്ടാക്കിയ ഇന്ത്യൻ ഭാഷാ സിനിമയും മലയാളം തന്നെയാണ്.

ഒടിടിയുടെ കടന്ന് വരവോടെ മറുഭാഷാ പ്രേക്ഷകരിലേക്കും മലയാള സിനിമയുടെ ഖ്യാതി എത്താൻ തുടങ്ങി. ആദ്യം ഒടിടിയിൽ മാത്രം മലയാള സിനിമകൾ കണ്ടവർ ഇപ്പോൾ തിയറ്ററുകളിലേക്കും എത്തുന്നുണ്ട്. അതിൻറെ പ്രതിഫലനം ബോക്സ് ഓഫീസിലും സംഭവിക്കുന്നുണ്ട്. മലയാളത്തിൽ നിലവിലെ ടോപ്പ് 5 ​ഗ്ലോബൽ ബോക്സ് ഓഫീസ് ലിസ്റ്റിലെ നാല് ചിത്രങ്ങളും രണ്ട് വർഷത്തിനുള്ളിൽ റിലീസ് ചെയ്യപ്പെട്ടവയാണ്.

അതിലെ മൂന്ന് ചിത്രങ്ങൾ ഈ വർഷം റിലീസ് ചെയ്യപ്പെട്ടവയും. ആ ലിസ്റ്റ് നിരന്തരം പുതുക്കപ്പെടുന്നുമുണ്ട് ഇപ്പോൾ. ഏറ്റവുമൊടുവിൽ സംഭവിച്ചിരിക്കുന്ന സ്ഥാനചലനം സൃഷ്ടിച്ചിരിക്കുന്നത് ഫഹദ് ഫാസിൽ നായകനായ ആവേശമാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിലൊന്നായ പുലിമുരുകനെ ആ​ഗോള കളക്ഷനിൽ മറികടന്നിരിക്കുകയാണ് ഫഹദ് ചിത്രം.

145 കോടിക്ക് മുകളിലായിരുന്നു പുലിമുരുകൻറെ ലൈഫ് ടൈം ബോക്സ് ഓഫീസെങ്കിൽ ആവേശം 150 കോടിയോട് അടുക്കുകയാണ്. ട്രാക്കർമാരായ വാട്ട് ദി ഫസിൻറെ കണക്ക് പ്രകാരം ആവേശത്തിൻറെ ഇതുവരെയുള്ള ​ഗ്ലോബൽ ബോക്സ് ഓഫീസ് 148 കോടിയാണ്. പുലിമുരുകനെ മറികടന്നതോടെ കളക്ഷനിൽ ആവേശത്തിന് മുന്നിലുള്ളത് മൂന്ന് ചിത്രങ്ങൾ മാത്രമാണ്. മഞ്ഞുമ്മൽ ബോയ്സ്, 2018, ആടുജീവിതം എന്നിവയാണ് അവ. മോളിവുഡ് ബോക്സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായിരുന്ന മഞ്ഞുമ്മൽ ബോയ്സിൻറെ ആകെ നേട്ടം 241.10 കോടി ആണ്. രണ്ടാം സ്ഥാനത്തുള്ള 2018 175 കോടിയും മൂന്നാം സ്ഥാനത്തുള്ള ആടുജീവിതം 157 കോടിയുമാണ് നേടിയത്.