”ആ ചിത്രം കണ്ട് അന്ധനായ ഒരാൾ എന്നെ തേടിവന്നു, സിനിമ കാണാൻ വേണ്ടി അവർ എടുത്ത എഫേർട്ട് ഓർമ്മ വന്നു”; അനശ്വര രാജൻ
നേര് എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ അനശ്വര സിനിമാ ലോകത്തെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. അത്രയ്ക്കും മികച്ച അഭിനയമായിരുന്ന താരം കാഴ്ചവെച്ചത്. തന്റെ കഥാപാത്രത്തെ ഏറ്റക്കുറച്ചിലില്ലാതെ താരം പ്രേക്ഷകന് മുന്നിലെത്തിച്ചു. അനശ്വര രാജന്റെ കരിയറിയിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് നേരിലെ സാറ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
ഇപ്പോഴിതാ അനശ്വര അഭിനയിച്ച ഒരു സിനിമയിലെ പ്രകടനത്തെ പ്രശംസിക്കാൻ അന്ധനായ ഒരാൾ തന്നെ തേടി വന്ന അനുഭവം പങ്കുവെക്കുകയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലെ അനശ്വരയുടെ പ്രകടനം കണ്ടാണ് ആരാധകൻ അനശ്വരയെ പ്രശംസിക്കാൻ വീട്ടിലെത്തിയത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
“ഞങ്ങൾ നാട്ടിലായിരുന്ന സമയത്ത്. സുജാത കണ്ടിട്ട് അന്ധനായ ഒരാൾ അന്വേഷിച്ചു വന്നിരുന്നു. ദൂരെ എവിടെയോ നിന്നാണ് വരുന്നത്. ബസിനാണ് വന്നതും. വഴിയുമറിയില്ല. അടുത്തുള്ള ആൾക്കാരോട് ചോദിച്ച് ചോദിച്ചാണ് വന്നത്. വീട്ടിലേക്കല്ല വേറൊരു വീട്ടിലേക്കാണ് വന്നത്. ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി അറിയാത്തതിനാൽ. മഞ്ജു ചേച്ചിയുടെ മകളായി അഭിനയിച്ച സിനിമ കണ്ട് ഇഷ്ടപ്പെട്ടാണ് വരുന്നത് എന്ന് പറഞ്ഞു.
ഞങ്ങൾ എവിടെയോ പോകാൻ വേണ്ടി ഇറങ്ങുകയായിരുന്നു. അപ്പോഴാണ് അച്ഛനെ വിളിക്കുന്നത്, ഇവിടെ ഒരാൾ വന്നിട്ടുണ്ട് ഒന്ന് വരുമോ എന്ന് ചോദിച്ച്. എന്താണെന്ന് അറിയാനായി ഞങ്ങൾ അങ്ങോട്ട് ചെല്ലുകയായിരുന്നു. സിനിമ കണ്ടു, ഭയങ്കര ഇഷ്ടമാണെന്നൊക്കെ പറഞ്ഞ് ഓരുപാട് സംസാരിച്ചു. എനിക്ക് അത്ഭുതമായിരുന്നു. അങ്ങനെയുള്ളൊരാൾ, അവർക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്ന് പറയുമ്പോൾ അവർ സിനിമ കാണാൻ വേണ്ടി എടുത്ത എഫേർട്ടൊക്കെ ഓർമ്മ വരും- അനശ്വര പറയുന്നു.