വമ്പൻ ഹൈപ്പിൽ വന്ന് പൊട്ടി പാളീസായ 8 മലയാളപടങ്ങൾ
1 min read

വമ്പൻ ഹൈപ്പിൽ വന്ന് പൊട്ടി പാളീസായ 8 മലയാളപടങ്ങൾ

ചില പടങ്ങൾ റിലീസ് ആവുന്നതിന് മുൻപേ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷ കാത്തു സൂക്ഷിക്കുകയും എന്നാൽ ചിത്രം റിലീസ് ആയതിന് ശേഷം വലിയ രീതിയിലുള്ള പരാജയം ഏറ്റുവാങ്ങുകയും ചെയ്യുന്നവയാണ്. അത്തരത്തിൽ വലിയ ഹൈപ്പ് കൊടുത്ത് ചിത്രം റിലീസ് ആയതിനു ശേഷം പൂർണ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന നിരവധി സിനിമകൾ മലയാളത്തിലുണ്ട്. സൂപ്പർ താരങ്ങളെ അണി നിരത്തിയും, ബിഗ് ബജറ്റിൽ ചിത്രം നിർമിക്കുകയും, അമിത പ്രതീക്ഷയും, ധാരണയും ഉള്ളിൽ സൂക്ഷിക്കുന്നതുമാണ് ഇത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാൻ കാരണം. വമ്പൻ ഹിറ്റാകുമെന്ന് കരുതി റിലീസ് ചെയ്‌ത്‌ പൂർണ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ചില മലയാള ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

യുവതുർക്കി

സുരേഷ് ഗോപിയെ നായകനാക്കി 1996 – ൽ ഭദ്രൻ സംവിധാനം ചെയ്‌ത ചിത്രമാണ് യുവതുർക്കി. തിലകൻ, രതീഷ്, സുരേഷ്ഗോപി,വിജയശാന്തി, ഗീത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ ശാന്തിയുടെ സാനിധ്യം, അമിതാബച്ചൻ കോർപ്പേറഷൻ ലിമിറ്റഡ് നിർമാണ പങ്കാളിയായ ഏക മലയാള സിനിമ തുടങ്ങി നിരവധി പ്രത്യേകതകളാൽ എത്തിയ ചിത്രമായിരുന്നു. മികച്ച നിലവാരത്തിലും, ഉയർന്ന ബജറ്റിലും ചിത്രം നിർമ്മിച്ചെങ്കിലും സിനിമയുടെ കളക്ഷൻ വളരെ കുറവായിരുന്നു.

കടത്തനാടൻ അമ്പാടി

പ്രിയദർശൻ സംവിധാനം ചെയ്ത് 1990 -ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒരു കടത്തനാടൻ അമ്പാടി. സാജ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സാജൻ വർഗ്ഗീസ് ആണ് ചിത്രം നിർമ്മിച്ചത്. പ്രേംനസീർ, മോഹൻലാൽ, സ്വപ്ന, രാധു തുടങ്ങിയവർ മുഖ്യവേഷത്തിലെത്തിയ ഈ ചിത്രം റിലീസ് ചെയ്ത ആദ്യത്തെ ആഴ്ച 35 ലക്ഷത്തോളം കളക്ഷൻ നേടി റെക്കോർഡിട്ടു.  എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ ചിത്രം പ്രതീക്ഷിച്ച കളക്ഷൻ നേടാതിരിക്കുകയും സാമ്പത്തികമായി പരാജയപ്പെടുകയുമായിരുന്നു.  ചിത്രത്തിൻ്റെ പ്രാരംഭഘട്ടത്തിൽ തന്നെ അതിൻ്റെ നിർമ്മാതാവിൻ്റെ സാമ്പത്തിക പ്രശ്നങ്ങളാൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും കോടതിയിൽ അതുമായി ബന്ധപ്പെട്ട കേസ്സുകൾ ഉണ്ടാവുകയും ഈ ചിത്രം അതിൽ മുഖ്യഘടകമായി മാറുകയും ചെയ്തിരുന്നു. കൊച്ചിൻ ഹനീഫയും, പി.കെ. ശാരംഗപാണിയും ചേർന്നാണ് കടത്തനാടൻ അമ്പാടിയുടെ കഥയും തിരക്കഥയും നിർവ്വഹിച്ചത്‌.

ദുബായ്

മമ്മൂട്ടി, ജോഷി, രഞ്ജിപണിക്കർ എന്നിവർ ഒന്നിച്ച ചിത്രമായിരുന്നു ദുബായ്.  മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, പ്രീ പബ്ലിസിറ്റി വർക്കുകളുമെല്ലാം കാണികളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പൂർണമായും യുഎയിലായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം. എന്നാൽ പടം റിലീസായപ്പോൾ പ്രേക്ഷകരെ ആകർഷിക്കുവാനോ, സാമ്പത്തിക ലാഭം ഉണ്ടാക്കുവാനോ ഈ ചിത്രത്തിന് സാധിച്ചില്ല.

മില്ലേനിയം സ്റ്റാർസ്

സുരേഷ് ഗോപി, ജയറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് മില്ലേനിയം സ്റ്റാര്‍സ്. ബിജു മേനോന്‍, അഭിരാമി,മനോരമ,ജഗതി ശ്രീകുമാര്‍,കലാഭവന്‍ മണി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പ്രേമേയ പരിസരത്തിലും, ആഖ്യാനത്തിലും ഈ മ്യൂസിക്കൽ ത്രില്ലറിനെ ഉൾക്കൊള്ളാൻ പ്രേക്ഷകർ താൽപര്യം പ്രകടിപ്പിച്ചില്ല.  വൻ പ്രതീക്ഷയോടെ റിലീസ് ചെയ്ത ഈ ചിത്രം നിർമാതാവിന് 1. 5 കോടി നഷ്ടം ഉണ്ടാക്കികൊടുക്കുകയാണ് ചെയ്തത്.

ദി പ്രിൻസ്

രജനികാന്തിൻ്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ഭാഷയ്ക്ക് ശേഷം സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രമെന്നതായിരുന്നു ദി പ്രിൻസ് – ൻ്റെ ഏറ്റവും വലിയ ആകർഷണം. ഡോൺ വിശ്വനാഥിൻ്റെ മകൻ ജീവ ഒരു പ്രശസ്ത കർണാടക ഗായികയുടെ മകൾ സ്വർണയുമായി പ്രണയത്തിലാവുന്നതുമായി ബന്ധപ്പെട്ട കഥയാണിത്. മോഹൻലാലിൽ നിന്ന് ഒരു ആക്ഷൻ ത്രില്ലർ പ്രതീക്ഷിച്ചവർക്ക് ലഭിച്ചതാകട്ടെ തീർത്തും നിരാശയായിരുന്നു.

ദി കിങ്ങ് & ദി കമ്മീഷണർ

ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ സുരേഷ്‌ഗോപി നായകനായി പുറത്തിറങ്ങിയ കമ്മീഷ്ണർ, മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി കിങ്ങ് എന്നീ സിനിമകളിലെ നായക കഥാപാത്രങ്ങളെ മുൻനിർത്തി ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദി കിങ്ങ് & ദി കമ്മീഷണർ. രണ്ട് നായകന്മാർക്കും തുല്ല്യ പ്രാധാന്യം നൽകി സിനിമയിൽ അവതരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ചിത്രത്തിൻ്റെ തിരക്കഥയും, അവതരണവും മൊത്തത്തിൽ പാളി പോവുകയായിരുന്നു. വലിയ പണം മുടക്കി നിർമ്മിച്ച ചിത്രത്തിന് തിയേറ്ററിൽ വലിയ പരാജയം ഏറ്റു വാങ്ങേണ്ടതായി വന്നു.

കാസിനോവ

മോഹൻലാൽ റോഷൻ  ചിത്രമായ കാസിനോവയുടെ മാർക്കറ്റ് ഇറങ്ങുന്നതിന് മുൻപ് തന്നെ വളരെ ഉയർന്നതായിരുന്നു. ഉയർന്ന മുതക്കുമുടൽ, വിദേശത്ത് വെച്ച് ചിത്രീകരണം, പ്രണയ സങ്കൽപ്പങ്ങളുടെ മാറ്റി പിടിച്ച ട്രാക്ക് എന്നിവ ആകർഷക ഘടകങ്ങളായിരുന്നു. എന്നാൽ ഈ സിനിമ തിയേറ്ററുകളിൽ അധിക ദിവസം ഓടിയില്ല. ചിത്രം പരാജയമായി തീരുകയും ചെയ്‌തു.

മരക്കാർ അറബി കടലിൻ്റെ സിംഹം

സമീപകാലത്ത് വലിയ ഹൈപ്പോടു കൂടെ എത്തിയ ചിത്രമായിരുന്നു മരക്കാർ അറബി കടലിൻ്റെ സിനിമ.
പ്രിയദർശൻ്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമായിരുന്നു ഇത്. ചരിത്ര സിനിമ, മികച്ച വിഎഫ്ക്സ്, മോഹൻലാലും, മഞ്ജു വാര്യരും, പ്രണവ് മോഹൻലാലും, സുഹാസിനിയും, അർജുനും ഉൾപ്പടെ വമ്പൻ താര നിര എന്നിങ്ങനെ സിനിമ ഇറങ്ങുന്നതിന് മുൻപേ തന്നെ വലിയ പ്രചാരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന് ദേശീയ അവാർഡ് കൂടെ ലഭിച്ചതോടെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. എന്നാൽ വലിയ നിരാശയായിരുന്നു ചിത്രം കാണികൾക്ക് സമ്മനിച്ചത്.