‘777 ചാര്‍ളി’ ക്ക് നികുതി ഇളവ് നല്‍കി കര്‍ണാടക ; കണ്ടവർ വീണ്ടും കാണുന്നു! വന്‍ ഹിറ്റായി ‘777 ചാര്‍ളി’
1 min read

‘777 ചാര്‍ളി’ ക്ക് നികുതി ഇളവ് നല്‍കി കര്‍ണാടക ; കണ്ടവർ വീണ്ടും കാണുന്നു! വന്‍ ഹിറ്റായി ‘777 ചാര്‍ളി’

കന്നട താരം രക്ഷിത് ഷെട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘777 ചാര്‍ലി’. ഒരു നായകുട്ടിയുടെയും, യുവാവിന്റേയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 777 ചാര്‍ലി. മലയാളം, കന്നട, തെലുങ്ക്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വന്‍ ഹിറ്റായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നായകളെ കഥാപാത്രങ്ങളാക്കി മുമ്പ് നിരവധി സിനിമകളില്‍ റിലീസ് ആയിട്ടുണ്ടെങ്കിലും ഈ സിനിമയ്ക്ക് ഒരു പ്രത്യേക ഫീലാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുവരെ മികച്ച പ്രതികരണമാണ് 777 ചാര്‍ലിക്ക് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മൃഗങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ഈ സിനിമ തരുന്നത് ഒരു പ്രത്യേക അനുഭവമായിരിക്കും.

അതേസമയം, ജൂണ്‍ 10 ന് തിയേറ്ററില്‍ എത്തിയ ‘777 ചാര്‍ളി’ക്ക് കര്‍ണ്ണാടകയില്‍ നികുതി ഇളവിന് അനുമതി ലഭിച്ചു. സിനിമ കണ്ട എല്ലാ പ്രേക്ഷകരുടെയും കണ്ണ് നനയിച്ച ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് പ്രദര്‍ശനം തുടരുന്നത്. അതിനോടാനുബന്ധിച്ചാണ് കര്‍ണാടക സര്‍ക്കാരിന്റെ ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് നികുതിയില്‍ ‘777 ചാര്‍ളി’യ്ക്ക് ഇളവ് ലഭിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് വാര്‍ത്ത പുറത്തു വിട്ടത്. സിനിമ നല്‍കുന്ന മഹത്തായ ആശയം കൂടുതല്‍ ആളുകളിലേക്ക് എത്തണം എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാറിന്റെ ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കഴിഞ്ഞ ദിവസം 777 ചാര്‍ലി കണ്ട് പൊട്ടിക്കരഞ്ഞ കര്‍ണാടക മുഖ്യമന്ത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമ കണ്ടപ്പോള്‍ തന്റെ വളര്‍ത്തു നായയെ ഓര്‍മ്മ വന്നെന്നു പറഞ്ഞാണ് മന്ത്രി കരഞ്ഞത്. എല്ലാവരും സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരുക്കനും ഏകാകിയുമായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ചാര്‍ളി എന്ന നായകുട്ടി കടന്നു വരുന്നതും, പിന്നീട് യുവാവും നായയും തമ്മിലുള്ള സ്‌നേഹവും ആത്മ ബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു അന്യഭാഷ ചിത്രത്തിന് ഇതുവരെ കിട്ടാത്ത സ്വീകാര്യതയാണ് 777 ചാര്‍ലിക്ക് മലയാളത്തില്‍ കിട്ടിയത്. സിനിമയുടെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാര്‍ത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളില്‍ വിതരണത്തിന് എത്തിച്ചത്. അതേസമയം, മനുഷ്യനും നായയുമായുള്ള ബന്ധത്തിന്റെ ഏറ്റവും ഹൃദയസ്പര്‍ശിയായ സിനിമകളില്‍ ഒന്നാണ് ചാര്‍ലി. കിരണ്‍ രാജാണ് ചിത്രം സംവിധാനം ചെയ്തത്.