”മലയാളത്തിലെ ഇനിഷ്യല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച മോഹന്‍ലാലിന്റെ മൂന്നാം മുറയുടെ 34 വര്‍ഷങ്ങള്‍….”
1 min read

”മലയാളത്തിലെ ഇനിഷ്യല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച മോഹന്‍ലാലിന്റെ മൂന്നാം മുറയുടെ 34 വര്‍ഷങ്ങള്‍….”

ടനവിസ്മയം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായ മൂന്നാംമുറ റിലീസിനെത്തിയിട്ട് മുപ്പത്തിനാല് വര്‍ഷം പൂര്‍ത്തിയാവുന്നു. 1988 നവംബര്‍ പത്തിനായിരുന്നു മൂന്നാംമുറ റിലീസ് ചെയ്യുന്നത്. ആക്ഷന്‍ അഡ്വഞ്ചര്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് എസ് എന്‍ സ്വാമി ആയിരുന്നു തിരക്കഥ രചിച്ചത്. കെ മധു സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപി, ലാലു അലക്സ്, മുകേഷ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രേവതിയായിരുന്നു ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. രാഷ്ട്രീയ നേതാക്കാന്മാരെ ഒരു കൂട്ടം തീവ്രവാദികള്‍ തട്ടികൊണ്ട് പോവുകയും അവരെ രക്ഷിക്കാന്‍ വേണ്ടി എത്തുന്നവരായിട്ടാണ് മോഹന്‍ലാലും മറ്റ് താരങ്ങളുമെത്തുന്നത്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 34 വര്‍ഷം പിന്നിടുമ്പോള്‍ സിനിമ ക്യാബ് എന്ന പേജില്‍ സിനിമയെക്കുറിച്ച് വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു Commando Operation അടിസ്ഥാനമാക്കി ചിത്രീകരിച്ച പ്രഥമ മലയാള ചലച്ചിത്രം….അതായിരുന്നു മൂന്നാം മുറ. ഇരുപതാം നൂറ്റാണ്ടിന്റെ വന്‍ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒരുമിച്ച ഈ ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് 33 വര്‍ഷം. അലി ഇമ്രാന്‍ എന്ന ‘ Super Cop ‘ ആയി മോഹന്‍ലാല്‍ തന്റെ ആരാധകരെ കയ്യിലെടുത്ത ചിത്രം. ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ ആലോചനാവേളയില്‍ എസ്.എന്‍.സാമി മമ്മൂട്ടിയോട് ഒരു ഡൈനാമിക് പോലീസ് ഓഫീസറുടെ കഥയാണ് ആദ്യം പറഞ്ഞത്. ആ കഥാപാത്രത്തിന്റെ പേരായിരുന്നു അലി ഇമ്രാന്‍. എന്നാല്‍ ആവനാഴിയുടെ വന്‍ വിജയത്തെത്തുടര്‍ന്ന് വീണ്ടുമൊരു പോലീസ് വേഷം, അതിനി എത്ര മാത്രം പവര്‍ഫുള്‍ ആണെങ്കിലും ബല്‍റാമിന് മുകളില്‍ വരില്ല എന്നതായിരുന്നു മമ്മൂട്ടിയുടെ നിലപാട്. അങ്ങനെയായിരുന്നു സേതുരാമയ്യരുടെ പിറവി. പക്ഷേ, അലി ഇമ്രാന്‍ എന്ന കഥാപാത്രം സാമിയുടെ മനസില്‍ തങ്ങി നിന്നു. പിന്നീട് കെ. മധുവുമായി ചേര്‍ന്ന്, സാധാരണ പോലീസ് സ്റ്റോറികളില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായ ഒരു തീം തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം മുറയിലെ അലി ഇമ്രാന്‍ എന്ന കഥാപാത്രത്തിലേക്കുള്ള നാള്‍വഴികള്‍ ഇതായിരുന്നു.

ഇന്നത്തെ കാലത്ത് ഒരു commando operation ഒക്കെ ഒരു പുതുമയില്ലാത്ത വിഷയമായിരിക്കാം. പക്ഷേ, 80 – കളില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. 1984 – ല്‍ Blue Star Operation – ല്‍ ഉണ്ടായ പാളിച്ചകളെ തുടര്‍ന്ന് 1986 – ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ National Security Guard – NSG രൂപീകരിക്കുന്നത്. അത് വരെയുള്ള മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരൊറ്റ രാത്രി നടക്കുന്ന ഇത്തരം റെസ്‌ക്യൂ ഓപ്പറേഷന്‍സ് – കേട്ട് കേള്‍വി മാത്രമായിരുന്നു. വന്‍ താരനിരയില്‍ ഒരുങ്ങിയ മൂന്നാം മുറയില്‍ അന്ന് മലയാള സിനിമയിലെ പ്രമുഖ നടന്‍മാരില്‍ പ്രേം നസീര്‍ , മധു , മമ്മൂട്ടി എന്നിവരൊഴികെയുള്ള മിക്കവരും ഉണ്ടായിരുന്നു. ചാള്‍സ് എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ലാലു അലക്‌സിന്റെ പ്രകടനം ശ്രദ്ധ പിടിച്ചു പറ്റി.

പില്‍ക്കാലത്ത് തമിഴ് സിനിമയില്‍ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങള്‍ കൈകാര്യം ചെയ്ത പൊന്നമ്പലം ചെറുതെങ്കിലും ശ്രദ്ധേയമായിരുന്നു. രാജാവിന്റെ മകന്‍, കിരീടം തുടങ്ങിയ ചിത്രങ്ങള്‍ തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോള്‍ നായക വേഷം ചെയ്ത ഡോ. രാജശേഖര്‍ തന്നെയായിരുന്നു മൂന്നാം മുറയുടെ തെലുങ്ക് പതിപ്പായ മഗാഡു വിലെയും നായകന്‍. കെ.മധു തന്നെയായിരുന്നു തെലുങ്കിലെയും സംവിധായകന്‍. വമ്പന്‍ ഇനീഷ്യലോടെ റിലീസ് ചെയ്ത മൂന്നാം മുറ ലോംഗ് റണ്ണില്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിച്ചില്ല. എങ്കിലും മോഹന്‍ലാലിന്റെ ആരാധകര്‍ക്കിടയില്‍ കള്‍ട്ടായി മാറാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു. ഒപ്പം തന്നെ ശ്യാമിന്റെ ഹരം കൊള്ളിക്കുന്ന BGM – ന് ഇന്നും ആരാധകര്‍ ഏറെ ഉണ്ട്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകള്‍ ട്രേഡ് മാര്‍ക്കാക്കിയ കെ. മധു – എസ്. എന്‍.സാമി ദ്വയങ്ങളുമായി വിവിധ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ പലവട്ടം വെവ്വേറെ സഹകരിച്ചിട്ടുണ്ടെങ്കിലും ഈ ടീം പിന്നെ ഒരിക്കലും ഒരുമിച്ചിട്ടില്ല.