”എന്തുകൊണ്ട് മമ്മൂട്ടി എന്ന ചോദ്യത്തിന് ‘വിധേയന്‍’ പോലൊരു ഉത്തരം തന്നെ ധാരാളം”
1 min read

”എന്തുകൊണ്ട് മമ്മൂട്ടി എന്ന ചോദ്യത്തിന് ‘വിധേയന്‍’ പോലൊരു ഉത്തരം തന്നെ ധാരാളം”

ക്കറിയയുടെ ‘ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും’ എന്ന നോവലിനെ അടിസ്ഥാനമാക്കി മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ സിനിമ 29 വര്‍ഷം പിന്നിടുകയാണ്. അന്താരാഷ്ട്ര തലങ്ങളില്‍ പോലും ഇന്ത്യന്‍ സിനിമയുടെ മുദ്ര പതിപ്പിച്ച ചിത്രം ആയിരുന്നു വിധേയന്‍. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം പട്ടേലരെ അവതരിപ്പിച്ച മമ്മൂട്ടിക്ക് ആയിരുന്നു. മികച്ച ഫീച്ചര്‍ ഫിലിം ആയി തിരഞ്ഞെടുത്തതും വിധേയനെ ആയിരുന്നു. അതേ വര്‍ഷത്തെ മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച കഥ, മികച്ച തിരക്കഥ, മികച്ച നടന്‍ എന്നീ സംസ്ഥാന പുരസ്‌കാരങ്ങളും വിധേയന് തന്നെ ആയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ NETPAC അവാര്‍ഡ്, ജര്‍മനിയിലെ മെന്ന്‍ഹെയിം ഹെയ്ഡല്‍ബെര്‍ഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര തലത്തില്‍ മികച്ച ചിത്രം എന്ന പ്രത്യേക പരാമര്‍ശം, സിങ്കപ്പൂര്‍ FIPRESCI ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി അവാര്‍ഡ് എന്നിവ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആയിരുന്നു. 29 വര്‍ഷം പിന്നിടുമ്പോള്‍ ഫെയ്‌സ്ബുക്കില്‍ ആരാധകന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

മധ്യതിരുവിതാംകൂറില്‍ നിന്നും കര്‍ണ്ണാടകയിലേയ്ക്ക് കുടിയേറിയ കര്‍ഷകരില്‍ എത്ര പേര്‍ മണ്ണില്‍ ഭാഗ്യം വിളയിച്ചു? എത്ര പേര്‍ സര്‍വം നഷ്ടപ്പെട്ടവരായി? എത്ര പേര്‍ എന്തൊക്കെ, എങ്ങനെയൊക്കെ സഹിച്ചു? അത്തരമൊരു അവസ്ഥയുടെ കഥാവല്‍ക്കരണമാണ് ‘വിധേയന്‍’.
മമ്മൂട്ടിക്ക് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ‘വിധേയന്’ 29 വയസ്സ്. സക്കറിയയുടെ ‘ഭാസ്‌ക്കര പട്ടേലരും എന്റെ ജീവിതവും’ എന്ന ചെറു നോവലാണ് അടൂര്‍ സിനിമയാക്കിയത്. ജനറല്‍ പിക്ചേഴ്സ് രവി നിര്‍മ്മാണം. മികച്ച ചിത്രം, സംവിധായകന്‍, നടന്‍ (മമ്മൂട്ടി) എന്നീ സംസ്ഥാന അവാര്‍ഡുകള്‍ ചിത്രം നേടി.

യജമാനന്‍-ഭൃത്യന്‍ ബന്ധം ഇതുപോലെ സൂക്ഷ്മ നിരീക്ഷണം നടത്തിയ മലയാള സിനിമ വേറെ ഉണ്ടാവില്ല. ഭൃത്യന്റെ ഭാര്യയെ യജമാനന്‍ ഉപയോഗിക്കുന്നതിന് മൂകസാക്ഷിയാവാനേ പാവം ഭൃത്യന് കഴിയുന്നുള്ളൂ. ആ ഒരൊറ്റക്കാര്യം കൊണ്ട് തന്നെ യജമാനന്റെ ഇരകള്‍ മൂന്ന് പേരാണ് – ഭൃത്യനും, അയാളുടെ ഭാര്യയും, പിന്നെ യജമാനന്റെ ഭാര്യയും. യജമാനന്‍ സ്വന്തം ഭാര്യയെ കൊല്ലുന്നുണ്ട്. അത് അയാളെ ‘നിയന്ത്രിക്കാന്‍’ ശ്രമിച്ചു എന്ന കാരണത്താലാണ്. അങ്ങനെ സ്വേച്ഛാധിപത്യം ഉറഞ്ഞു വാഴുന്ന കാലത്ത് ഭൃത്യന്മാര്‍ രക്ഷപ്പെടുമോ? ഉവ്വെന്ന് ചിത്രം പറയുന്നു. തിന്മയെ ഉന്മൂലനം ചെയ്യാന്‍ മറ്റൊരു തിന്മ ഉണ്ടാവും. അല്ലെങ്കില്‍ കാലം അത് നിര്‍വ്വഹിച്ചോളും. യജമാനന്റെ ശവശരീരത്തില്‍ നിന്ന് തോക്ക് വെള്ളത്തില്‍ എറിയുന്നതോടെ സമാധാനമാണ് ഒടുവില്‍ വേണ്ടതെന്നും ചിത്രം പറയുന്നു.

കഥയില്‍ ഉദ്ദേശിക്കാത്തത് സിനിമയില്‍ കണ്ടെന്ന് സക്കറിയ പരിഭവം പറഞ്ഞിരുന്നു. ചലച്ചിത്രം സംവിധായകന്റെ ആവിഷ്‌ക്കാരമാണെന്നായിരുന്നു അടൂരിന്റെ പക്ഷം. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ പട്ടേലര്‍ക്ക് കൊമ്പുള്ള പോലെ (കാലനാക്കി) ഛായ എടുത്തത് മങ്കട രവിവര്‍മ്മ.